Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെപ്പറ്റിയുള്ള അന്വേഷിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വഴിപാടുകളിലെ ക്രമക്കേടുകള്‍, ക്ഷേത്രങ്ങളിലെ പണം യഥാസമയം ബോര്‍ഡിന്റെ അക്കൗണ്ടില്‍ ഒടുക്കാത്തത്, ആനയെഴുന്നള്ളത്തില്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍, ഭൂമി നഷ്ടപ്പെട്ടത് തുടങ്ങിയ പരാതികളിൽ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും.
ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ നിരവധി ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കെതിരേ ആരോപണമുയര്‍ന്നിട്ടുണ്ട്. ദേവസ്വം വിജിലന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയാലും ബോര്‍ഡിന്റെ ഭാഗത്തുനിന്നു കാര്യമായ നടപടികളുണ്ടാകാറില്ല. ജീവനക്കാരുടെ സംഘടനകളുടെ ഇടപെടലില്‍ കേസ് ഒതുക്കും.
എന്നാല്‍,ശബരിമലയിലെ തട്ടിപ്പു പുറത്തുവരുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെ പരാതികള്ക്കെതിരേ ദേവസ്വം ബോര്‍ഡിന് ഇനിയങ്ങോട്ട് മൗനവും ഒതുക്കലും തുടരാനാവില്ല. ക്രമക്കേടുകള്‍ സംബന്ധിച്ചും ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേയും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമാണ് ബോര്‍ഡിനു മുന്നിലുള്ളത്. പരാതികള്‍ കുറവാണ്. എങ്കിലും എല്ലാ ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കും.
Kerala
പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് കൊള്ളനടന്നിരിക്കുന്നത്. എസ്ഐടി അന്വേഷണം പ്രഹസനമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
റാന്നിയിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എസ്ഐടി അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിൽ കൂടിക്കാഴ്ച നടത്തി.
മന്ത്രിമാരെയും ദേവസ്വം ബോർഡ് പ്രസിഡന്റുമാരെയും സംരക്ഷിക്കാനുള്ള നീക്കമാണ് എസ്ഐടി നടത്തുന്നത്. അതിനാൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം. ഈക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് നൽകാൻ പിണറായി വിജയന് ധൈര്യമുണ്ടോയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി മോഷണത്തിൽ അന്വേഷണം നടക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അന്വേഷണത്തിനു മുന്നേ വിധി എഴുതേണ്ട കാര്യമില്ല. അന്വേഷണത്തെ എതെങ്കിലും വിധത്തിൽ ബാധിക്കുന്ന ഒരു പരാമർശവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. അന്വേഷണം കഴിഞ്ഞ് ആരൊക്കെ ജയിലിൽ പോകുമെന്ന് അപ്പോൾ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമന വിഷയത്തിൽ എൻഎസ്എസിന് അനുകൂലമായി വന്ന സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ലഭ്യമാക്കാൻ നിയമനടപടി സ്വീകരിക്കും. സുപ്രീംകോടതി അനുമതിയോടെ അതു നടപ്പാക്കും.
എല്ലാവരുടെയും ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുനമ്പം വിഷയത്തിൽ ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ മന്ത്രിസഭ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
District News
വെള്ളൂർ: മത്സ്യത്തൊഴിലാളികളുടെ വലകൾ മോഷണം പോകുന്നതായി പരാതി. വെള്ളൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ ചെറുകരയിൽ മത്സ്യത്തൊഴിലാളികളായ എം.ടി. ദിലീപ് മണമേൽ, എം.കെ. ബാബു മുളമ്പാത്ത്, സുധൻ പൂത്തുരുത്തി, ശോഭനൻ തേക്കുംകാട്ടിൽ എന്നിവരുടെ വലകളാണ് കഴിഞ്ഞ ദിവസം മോഷണംപോയത്.
മത്സ്യബന്ധനോപകരണങ്ങളും വള്ളങ്ങളും നശിപ്പിക്കപ്പെടുന്നതായും പരാതിയുണ്ട്. കുറ്റക്കാർക്കെതിരേ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുളന്തുരുത്തി പോലീസിൽ പരാതി നൽകി.